എനിക്കൊപ്പമെത്രദൂരം......

മഴ കനത്തു പെയ്യുന്നുണ്ട്. പാലക്കാടൻ പാടങ്ങൾക്കു നടുവിലൂടെ പോകുമ്പോൾ കാണാറുള്ള നീണ്ട വരാന്തകളും , മുൾ വേലിപ്പടർപ്പുമുള്ള - മൂലോടുകൾക്ക് കുമ്മായമിട്ടുറപ്പിച്ച വീടുകൾ ഇപ്പോൾ കാണാറേയില്ല. പകരം തരിശിട്ട പാടങ്ങളിലെ കളകളിൽ നിറയെ വൈലറ്റ് കാക്കപ്പൂകൾ വിരിഞ്ഞ് അകലെയുളള കാഴ്ചകൾ മറയുന്നു.. നെന്മാറ കഴിഞ്ഞപാടെ ഉറക്കച്ചടവു വിട്ടതാണ്. ഇനി മുന്നോട്ടുള്ള ദൂരമത്രയും കണ്ണടച്ചു പോകുന്നത്രയും പരിചയമുള്ള ഇടവഴികളെപ്പോലെ തോന്നി.

കയ്പഞ്ചേരി ഒരു ചെറിയ ടൗണായി മാറിയിരിക്കുന്നു. സമയ

ചക്രമനുസരിച്ചോടുന്ന ബസ്സിലെ തിക്കിതിരക്കിൽ ജനാലക്കുള്ളിലൂടെ നോക്കാറുള്ള ആ പാടവും വന്നെത്തിയിരിക്കുന്നു. അതിന്റെ അങ്ങേതലക്കലാണമ്മ വീട്. അന്നു പലപ്പോഴും തോന്നാറുണ്ട് പാടത്തിലൂടെ ഇറങ്ങിയോടിയാലവിടേക്കു ബസിനേക്കാൾ പെട്ടെന്നെത്താമെന്ന്. അന്നത്തെ പോലെ വെറുതേ നോക്കി. ഇല്ല ചുറ്റിനും തെങ്ങിൻ പടർപ്പും, പിന്നെ മൈലാഞ്ചിക്കാടും ...

ആ വഴി പിന്നേയും മുന്നോട്ടു പോയി. വലത്തുവശത്തായുണ്ടായിരുന്ന സിനിമാകൊട്ടക എവിടെയായിരുന്നെന്നുപോലും അറിയാത്തത്ര ആയിടം മാറിയിരിക്കുന്നു. അമ്മ വീട്ടിലേക്കുള്ള ഇടവഴിക്കരികിലുണ്ടായിരുന്ന പൊതുടാപ്പും എങ്ങോ മറഞ്ഞിരിക്കുന്നു.

പിന്നെയുമെന്തെല്ലാമോ മാറ്റങ്ങൾ...

"വാ മോളേ ഇരിക്ക്. "അമ്മായി പറയുന്നത് കേട്ടുകൊണ്ടാണ് അമ്മാമ ഉമ്മറത്തേക്ക് വന്നത്.

"ആ.. ഇതാരി ത്...?" ചേർന്നു നിന്നു.

"എത്ര കാലായി നിന്നെ കണ്ടിട്ട്"

. "അമ്മാമ ക്കിപ്പോ മുട്ടുവേദന എങ്ങനിണ്ട് ?"

ഉറക്കെ ചിരിച്ചു കൊണ്ടാണ് തുടങ്ങിയത്. -

"എത്രവയസ്സായി ന്നാ വിചാരം..."

" വാ ചായ കുടിക്കാം.."

ടേബിൾ വിഭവ സമൃദ്ദം..

"നീ കഴിഞ്ഞ മണ്ഡല പൂജയ്ക്ക് വരുന്ന് വിചാരിച്ച് കൊറേ കാത്തിരുന്നു."

" വരാൻ തൊടങ്ങീതാ- പിന്നെ കേസിന്റെ ചില കാര്യങ്ങളായിട്ട്.."

"അത് വേണ്ടാന്നന്ന്യാലേ?"

ഉത്തരം പറയാനൊന്നുമില്ലാത്തതിനാൽ ജനാലയിലൂടെ വിതച്ച പാടത്തേക്കും നോക്കിയിരുന്നു. വെള്ളം കെട്ടിനിൽക്കുന്നു. രണ്ടു മൂന്നു ദിവസം കൂടി മഴ ഇങ്ങിനെപെയ്താ പിന്നേയും വിതക്കേണ്ടിവരും. അല്ലെങ്കിലും കൃഷിയൊക്കെ ഒരു ഭാഗ്യം ആണെന്നേ..

ഒരുറക്കം കഴിഞ്ഞ്, കുളിച്ചാണ് താഴേക്കുവന്നത്. അപ്പഴക്കും അത്താഴത്തിനൊരുക്കങ്ങളായി അമ്മായിയും രമയും അടുക്കളയിൽ തന്നെയായിരുന്നു.

" രമക്കൊരു മാ റ്റോം ഇല്ലാലേ ?"

അവർ ചിരിച്ചു.

" ഇവളുള്ളോണ്ട് ഞാനിങ്ങനെ പോണു."

നീരുവന്നു വീങ്ങിയ കാൽ നീട്ടി അമ്മായി ദീർഘമായി ശ്വസിച്ചു.

പിന്നെ അരികിൽ പിടിച്ചിരുത്തി. കൈ തഴുകി കൊണ്ട് പറഞ്ഞു.

"എനിക്ക് പിന്നെ ഇങ്ങനെ ആവാണ്ട് പറ്റില്ല. നിന്റെ കാര്യങ്ങനല്ലല്ലോ ? എത്ര കാലംന്ന് വച്ചാ ഇങ്ങനെ? അത് വേണ്ടാന്നാ ച്ചാ നമുക്ക് വേറെ നോക്കിയാലാ?"

ഞാൻ വെറുതെ ചിരിച്ചു.

മറുപടി ഒന്നുമില്ല.

അകലെ കുറേ കുറേയേയകലെ ഒരു ഓർമ്മക്കിളി വഴി തേടുന്ന തറിഞ്ഞ് ഉറക്കമുളച്ച് ഞാനും കാത്തിരുന്നു. പാതിരാവുകളെത്രയും ഇതിനകം ഇങ്ങനെ കൊഴിഞ്ഞു പോയെന്നതറിയാതെ ഞാനും ഇരുളിൽ തപ്പിതടയുന്നു...

ഇടക്കിടെ വെള്ളം കുടിക്കുന്നത് കണ്ടിട്ടാവണം അമ്മാമ എന്റെ അടുത്തു വന്നു.

"ഉറക്കം വരണില്ലേ? നാളെ പുലർച്ചക്കിറങ്ങണ്ട തല്ലേ?"

"ഉം... അഞ്ചു മണിക്ക് വണ്ടി വരും. അമ്മാമ പോയി കിടന്നോളു..."

പിന്നെയുമെത്ര നേരം ഉറങ്ങാതെ....ഒടുവിൽ കുളിച്ചിറങ്ങി വണ്ടിയിൽ കയറി.

അകലെ നിന്ന് അമ്പലത്തിലെ പാട്ടുകേൾക്കുന്നു , സുബ്ബലക്ഷ്മിയുടെ ശബ്ദം - വലത്തേക്കു തിരിഞ്ഞപ്പോഴാ ഡ്രൈവറോടു വണ്ടി ഇടത്തേക്കു പോകണമെന്നാവശ്യപ്പെട്ടത്.

നേരെ ശിവക്ഷേത്രത്തിൽ .

അമ്പലനടയിൽ നിൽക്കുമ്പോൾ കാണാം കുറേ പട്ടന്മാർ ശിവസ്തോത്രങ്ങളും ചൊല്ലി പ്രദക്ഷിണം വയ്ക്കുന്നു.

തൊഴുത് തിരിഞ്ഞപ്പോഴാണ് ഗോപുരത്തിണ്ണയിൽ ചന്ദനത്തിന്റെ തളികയും പിടിച്ചയാൾ..!

കണ്ടപാടെ ചെന്ന് കൈനീട്ടി.

മുഖത്തു നോക്കാതെ പുണ്യാഹത്തിന്റെ ശംഖു നീളുന്നു.

ഒഴുകി വന്ന തെളിനീരിനൊപ്പം കണ്ണുകൾ കലങ്ങിയൊഴുകി. പിന്നെ വീണ ചന്ദനത്തരികളിൽ ഹൃദയം കനക്കുന്ന വേദനയും ചേർന്നു ...

"നാരായണാ..."

അയാൾ നടുക്കത്തോടെ മുഖത്തു നോക്കി. അത്രയുംപരിചയമുള്ള ഒരാളുടെ ആത്മാവിലേക്കിറങ്ങും പോലെ..

" രജിതാ ക്കാ"

പിന്നെ തളിക നിലത്തു വച്ച് ഇറങ്ങിയോടി - എന്റെ കൈയും പിടിച്ചു വലിച്ച് . അമ്പലനട കഴിഞ്ഞ് കല്യാണ മണ്ഡപത്തിനടുത്തു

കൂടെയുള്ള ഇട വഴിയിലൂടെ ആ വീട്ടിലേക്ക്.

ആ അഗ്രഹാരത്തിലെ ഒടുവിലത്തെ വീട്ടിലേക്ക്.

മരം കൊണ്ടുണ്ടാക്കിയ അഴികളിൽ പാതിയും ദ്രവിച്ചു

തുടങ്ങിയിരിക്കുന്നു. കോലായിൽ നിറയെ ഉണങ്ങി വീണ ആലിലകൾ .

അതിന്റെ ജനലിലേക്ക് ചേർന്ന് അവൻ ആരോടോ പറഞ്ഞു.

" അക്ക വന്തിർക്ക്"

"യാര് ?"

" രജിതാക്കാ"

പിന്നെ അവൻ പിറകിലേക്കു നീങ്ങി, അകത്താരാണെന്നറിയാതെ ഞാനും ..

മുറിയിലാകെ ഇരുളാണ്.. ആ ശബ്ദം പുറ ത്തേക്കുവന്നു.

"രജിതാ എപ്പിടിയിര്ക്ക് ?"

" സുഖം"

" എന്നെ മനസ്സിലായോ നിനക്ക് ?"

പിന്നെ ഒരു കരിച്ചിലായിരുന്നു. ഉറക്കെയുറക്കെയുള്ള തേങ്ങലുകൾ കാതിൽ വന്നടിച്ചു. ഓടിച്ചെന്ന് നാരുവിന്റെ കൈ പിടിച്ചപ്പോൾ എന്റെ ഉള്ളിൽ പേടി മാത്രമായിരുന്നോ?

" അതാരാ നാരു ?"

" നമ്മ പ്രഭു അണ്ണാ "

" പ്രഭു വോ ? അവന് ന്താ പറ്റിയേ?."

"അത് ഒരു കഥൈ . ഉങ്കൾക്ക് ടൈം ഇർക്കാത് മുഴുവൻ കേൾക്കറ്ത്ക്ക്."

" ഇല്ല നീ പറയ്.."

"അന്ത കാലം സെമാര്ത്ത്‌ര്ക്ക് ഇല്ലയാ..?

നാമ വിളയാട റകാലം. ചെസ്സ് കളി, ഒളിച്ചു കളി... ഇല്ലയാ..?"

." ഉം.. ന്ത് രസായിരുന്നു... എത്ര കാലായി നമ്മളൊന്ന് കണ്ടിട്ട്ലേ? എല്ലാർക്കും നല്ല തിരക്കായി."

." അക്ക നീ ഇങ്കെ വന്നിട്ട് ഇപ്പോ ടെൻ ഇയേഴ്‌സ്ക്ക് മേലേ യാച്ച്. ഇല്ലെയാ?"

"ഉം"

" ഏനാ ഉങ്കള തിരുമണം ക്ഷണി ക്കറ ത്ക്ക് താ നീ ലാസ്റ്റാ ഇങ്കെ വന്ത്റ്ക്ക്"

"അതിനു ശേഷം വന്നോന്ന് ഓർമ്മയില്ല."

"അന്നേക്ക് പ്രഭു അണ്ണാക്കിട്ടെ ഇൻവിറ്റേഷൻ കൊടുത്തി ർക്കാ...?

"പിന്നേ...

അന്നവനെന്നെ കുറേ കളിയാക്കിയതാ . കല്യാണത്തിനു വരുന്നും പറഞ്ഞു. കണ്ടില്ല."

"അന്ത ഹാപ്പിനസ്സ് മട്ടും താൻ നീ പാതിറ്ക്ക്. അതിനുപിന്നിലെ കരച്ചിൽ നിങ്ങൾക്കറിയില്ല. പിന്നെ പിന്നെ തുങ്കാമെ, സാപ്പിടാമെ, പേസാ മേ-ഇന്ത മുറിയിൽ തനിയാ ഇരുന്ത് ...

ഞാൻ എഴുന്നേറ്റ് വീണ്ടും ആ ജനാലക്കരികിൽ പോയി.

"പ്രഭൂ.. "

"ഉം"

"വാതിൽ തുറക്കോ ? ഒന്നു കണ്ടോട്ടേ..."

"എന്തിന്. ? നീ പോയതല്ലേ, ഇനിയൊരിക്കലും, എനിക്കു കാണാനാവാത്തവിധം നീ പോയതല്ലേ...? "

പിന്നെ കുറേ നേരം നിശബ്ദമായി ...

"രജിതാ , നിനക്കെത്ര കുട്ടി ളാ..."

" കുട്ടികളോ..? ആരുമില്ല. ആരും"

"ന്നു വച്ചാ..?"

"കഴിഞ്ഞ വർഷം വിധി വന്നു. ജീവനാംശം വേണ്ടെന്നു വച്ചു. ജീവിതം നഷ്ടപ്പെട്ടവൾക്ക് എന്തിനു കുറേയേറെ പണം."

ജനാലക്കരികിൽ അവനെ കണ്ടു. കണ്ണുകൾ മാത്രം പഴയതുപോലെ തിളങ്ങി. താടിയും മുടിയും വളർന്നു ഒതുക്കാനാവാത്ത വിധം.

"എന്താ പ്രഭു ഇങ്ങനൊക്കെ?"

"എല്ലാരും പറയുന്നു - എനിക്കു ഭ്രാന്താണെന്ന് പക്ഷെ ..."

"നല്ലൊരു ജോലി നോക്കീട്ട് - ഡിഗ്രി ഉള്ളതല്ലേ..?"

" നീ ഇല്ലാതെ ഞാനെന്തിനാ ..."

അപ്പോൾ മാത്രമവൻ എന്റെ കണ്ണുകളിലൂടെ പിന്നെയും ആഴങ്ങളിലേക്കിറങ്ങി.

ചെറു കാറ്റിൽ അലസമായ മുടിയി പാറിപ്പറന്നു...

"ഇനിയെത്ര കാലം നീ എനിക്കൊപ്പമുണ്ടാകുo ലേ? നിനക്കൊരു ജീവിതം ണ്ട് വെറുതേ നശിപ്പിക്കരുത്.."

"അതൊക്കെ നിനക്കു മുള്ളതായിരുന്നില്ലേ ?"

" എന്നാലും .."

അഴികളിലൂടെ ഞാനവന്റെ കൈവിരലുകളിലേക്കെന്റെ വിരലുകൾ ചേർത്തു.

"നീ പൊയ്ക്കോ രജിതാ എത്ര കാലംന്ന് വച്ചാ :"

മറുപടി പറയാനൊന്നുമില്ല. അല്ലെങ്കിലും ചിലപ്പോഴൊക്കെ ഉത്തരങ്ങൾ വാക്കു കളിൽ നിന്നും വഴി മാറാറുണ്ട്. കണ്ണുകളിൽ നിന്നും ഒഴുകി വരുന്നു കണ്ണുനീരിലേക്ക്..

PRATHIBHA S PANICKER

Write a comment ...

prathibhas Prasanth

Show your support

ഓർമ്മകൾ എന്നും വസന്തകാലത്തെ വർണ്ണിച്ചു കൊണ്ടേയിരിക്കും; പൊട്ടിയ കല്ലു പെൻസിലിൽ തൊട്ട്, ഇന്ന് പെയ്ത മഴയെ വരെ വ്യക്തതയോടെ വരഞ്ഞിട്ട്, വെറുതേ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കാൻ കാരണങ്ങളില്ലാതെ കടന്നു വരും...

Write a comment ...